നെടുമങ്ങാട്: കാറിലെത്തിയ നാലംഗ സംഘം യുവാവിനെ മർദിച്ചു. വെള്ളനാട് ബസ് സ്റ്റാൻഡിനു സമീപത്തെ പെട്രോൾ പമ്പിനുടുത്തുവച്ചായിരുന്നു വെള്ളനാട് സ്വദേശിയായ അലനു സംഘത്തിന്റെ മർദനമേറ്റത്. ഗുരുതര പരിക്കേറ്റ അലനെആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്ന സജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകു ന്നേരം നാലോടെ പെട്രോൾ പമ്പിനു സമീപത്തെ ഒരു തുണിക്കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന അലനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചശേഷം കാറിൽ കയറ്റി മർദിച്ചതായാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആക്രമണത്തിൽ അലന്റെ തലയ്ക്കു ഗുരുതര പരിക്കേറ്റിട്ടുണ്ട്. അലനും ആക്രമണത്തിൽ ഉൾപ്പെട്ടവരും വിവിധ കേസുകളിലെ പ്രതികളാണെന്നും പോലീസ് അറിയിച്ചു.
അലനും കസ്റ്റഡിയിലുള്ള സജിത്തും തമ്മിൽ നേരത്തെ ജിമ്മിൽവച്ച് വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായും അതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. മുൻപ് വെള്ളനാട് കുളക്കോട് സുബ്രഹ്മണ്യ ക്ഷത്രോത്സവത്തിന് അലൻ ആക്രമണം നടത്തിയ കേസ് ഉണ്ടായിരുന്നു. അന്ന് ഒരു യുവാവിനെ അലനും സംഘവും ആക്രമിച്ചിരുന്നു.